11/01/2011

കാവ്യം..


കണ്ണുകള്‍ കഥ പറയും കാലം,
ഹൃദയത്തില്‍ തോന്നിയവയെല്ലാം
പ്രണയമെന്നന്ന് വിളിച്ചു
വെറുതെ
പ്രണയമെന്നന്ന് വിളിച്ചു.

ചൊല്ലാന്‍ മറന്നവയെല്ലാം 
സുഷുമ്നയില്‍ 
സങ്കല്‍പ്പ ചിത്രം വരച്ചു,
ചാലിച്ച ചോരതന്‍ വര്‍ണ്ണങ്ങളാലതില്‍ 
പോറിയ രൂപങ്ങള്‍ പൂത്തു
പൂത്തവയെല്ലാം വിളര്‍ത്തു.

ആളിപ്പടര്‍ന്ന കിനാക്കളെയൊക്കെയും
ആറ്റില്‍ കിടത്തി കെടുത്തി,
തെളിനീരില്‍ ആറിയ നന്‍മകളൊക്കെ
കടവത്തെ
തോണിക്ക്  പങ്കായമായി
തുഴയാത്ത 
തോണിക്ക്  പങ്കായമായി,

കേള്‍ക്കാന്‍ കൊതിച്ചവയെല്ലാം,
കാറ്റില്‍ പറന്നു കളിച്ചു
ഇന്നതിനെ കൂരമ്പ്‌ കൊണ്ട്  തറച്ചു
ചോരയില്‍  കാവ്യമെന്നാരോ കുറിച്ചു
കരളിന്‍റെ  കാവ്യമെന്നാരോ കുറിച്ചു.


സദാചാരം


സദാചാരാമുള്ളവരൊന്നും 
പെണ്ണിനെ
നടുറോട്ടിലുപേക്ഷിക്കരുത്. 
വീട്ടില്‍ കിടക്കയൊരുക്കാം 
ശേഷമൊരു 
കെട്ടില്‍ കയത്തിലൊഴുക്കാം. 

സദാചാരാമുള്ളവരൊന്നും 
വീട്ടിലെ
വൃദ്ധര്‍ക്ക് തുണയാകരുത് .
സദനങ്ങളധികമാണവര്‍ക്ക് 
മക്കളാം
നമ്മള്‍ കൊടുക്കുന്ന ഭിക്ഷ.

സദാചാരാമുള്ളവരൊന്നും 
മണ്ണില്‍
കനിവിന്‍റെ  വിത്ത്‌ പാകരുത്.  
മാനിക്യൂര്‍ ചെയ്ത കാലില്‍
നീര്‍വന്ന്
ഭംഗിക്ക് കോട്ടം വരുത്തും.

സദാചാരാമുള്ളവരൊന്നും 
ഉദാത്തമായി
ആരെയും പ്രേമിക്കരുത്. 
പല കോടിയാളുകളുലകില്‍
അതിലീ
ഒന്നിന് വില വെറും തുച്ഛം.

സദാചാരാമുള്ളവരൊന്നും
അനാഥന്‍റെ
കണ്ണീരില്‍ മനസ്സലിക്കരുത്‌.
ആരോ വിതച്ചിട്ട ജന്മം 
അതില്‍ 
വഴി പോക്കര്‍ നമുക്കെന്തു ചേതം .

നമ്മളീ
സദാചാരക്കൂട്ടര്‍ ,
ഓര്‍ത്തു വെക്കേണ്ടൊരു കാര്യം
"ജീവിതമിതൊന്നേയുള്ളൂ  
ആഘോഷപൂര്‍വ്വമിതോരുക്കൂ"
ഇടയിലൊടുങ്ങുവരെല്ലാം 
ഈയാംപാറ്റകളെന്നോര്‍ക്കൂ .
കഷ്ട്ടമപ്രാണികളവയ്ക്ക്
അത്രയേ 
ആയുസ്സുണ്ടാവൂ.
കഷ്ട്ടമപ്രാണികളവയ്ക്ക്
അത്രയേ 
ആയുസ്സുണ്ടാവൂ.

09/01/2011

കടങ്കഥ



ഇന്നിവിടെ, വീട്ടില്‍,
ഇരുട്ടറകളിലൊന്നില്‍,
പിതൃക്കളിലാരോ മുരണ്ടു.
നാലുവരിയെഴുതുവാന്‍
തൂലിക തിരയവേ,
ഓരിയിട്ടകലുന്നു
ഏകാകിയാം നായ.
          അന്ത്യക്കുറിപ്പിലെ 
          വികലമാം ചിത്രങ്ങള്‍
          ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ്.
          അവയിലൊളിപ്പിച്ചത് 
          കാര്‍ന്നിട്ട തോല്‍വിയും
          കറപുരണ്ട വിജയവും.
          അടിവരയിട്ടവ 
          സ്വപ്നങ്ങളാണ്,
          ജനിക്കും മുന്‍പേ മരിച്ചവര്‍.
          കവറിലിട്ടടച്ചത്
          കാമുകന് നേദിച്ച
          ഹൃദയമാണ് ,
          കാറ്റില്‍ പറന്ന 
          കരിയിലയുടെ
          നീറമാതിന്.
അകത്തങ്ങളില്‍ 
ആടിയുലയുന്നതാര് ?
കോറിയിട്ട  സങ്കല്‍പ്പത്തിലെ 
കഥാ നായിക,
ഞാന്‍ എന്ന് പേര്‍,
വെറുമൊരു കടങ്കഥ.
ചേര്‍ത്തിട്ട കസേരയും

കുടുക്കിട്ട കയറും 
കടങ്കഥ പദമോതും 
അതിലെന്‍റെയുടല്‍ 
മുദ്ര  കാട്ടും .
അതിനെ നിങ്ങള്‍ക്കിനി 
എന്തും  വിളിക്കാം  
ശവമെന്നോ 
ഭീരുവെന്നോ 
അതോ ......

അവന്‍ പറഞ്ഞത്


പ്രണയിനീ,
 നീയെന്നില്‍ മധുരം നിറക്കുകില്‍
സംതൃപ്തമാകുമീ എന്‍റെ  ജന്മം.
കണ്മണീ,
നിന്‍ മിഴിക്കൂമ്പിനാല്‍ നോക്കുകില്‍ 
പുളകിതമാകുമെന്‍  അന്തരംഗം.
പ്രേയസീ,
നിന്നധര ചന്ദ്രിക ചേര്‍ത്തൊരു 
ചുംബന ചിത്രം നീ വരച്ചീടുകില്‍,
ചന്ദമില്ലാത്തൊരെന്‍  ചിന്തക്കുമപ്പുറം  
ചന്ദനത്തെന്നലായ്  പാറിടും ഞാന്‍.
   
    സമയമേറെ കടന്നുപോയോ സഖീ
    പോകൊല്ല, ഒതുവാന്‍ ബാക്കിയുണ്ട്.
    സ്വപ്നത്തിനായിരം  വര്‍ണങ്ങളായിടാം
    ജീവിതമതുപോലെ ആകാതിരിക്കാം.
    അതിനാല്‍ തരികെനിക്കിനി നിന്‍റെ
    ജനനത്തിന്‍ തെളിവായ് കാട്ടിടും,
    നാളും സമയവും തലക്കുറിയും.
    പേരുള്ള ജ്യോത്സ്യന്‍റെ കയ്യില്‍ കൊടുത്തിട്ട്
    ചേരും പൊരുത്തമൊന്നൊത്തു   നോക്കാന്‍.

പ്രിയസഖീ,
ചേരില്ല ജാതകമെങ്കിലോ,
വിസ്മൃതിയിലാഴ്ത്തി  കടക്കാം
നമ്മുടെ
ഹൃദയങ്ങള്‍ താഴിട്ടു പൂട്ടാം.
ഓര്‍മകളുണരുമ്പോഴെല്ലാം
നിന്നിലെ
ഓര്‍മ്മകളില്‍ ഞാനൊളിക്കാം .
അമ്മക്ക് തണലായി ഏതോ
പെണ്ണിനെ കെട്ടിയെന്നിരിക്കാം.
അപ്പോഴുമെന്‍ ഹൃദയവല്ലരിയിലെന്നും 
നീയാം വസന്തം നിറയ്ക്കാം.

08/01/2011

തോന്നി








ഇന്നലെ പാടിയ പാട്ടില്‍
പഴമയുടെ
കാറ്റൊന്നടിച്ചതായ് തോന്നി.

കൊടുങ്കാറ്റൊന്നടിക്കുവാന്‍  വേണ്ടി
പുതുമയുടെ
മാറ്റം വരുത്തുവാന്‍ തോന്നി.

മാറ്റം വരുത്തിയപ്പോഴോ 
തനിമയുടെ
മാറ്റൊന്നകന്നതായ് തോന്നി.

തോന്നലിന്‍ തുടര്‍ച്ചകള്‍ക്കുള്ളില്‍
തെളിമയായ്
തോന്നാതിരിക്കുവാന്‍ തോന്നി.

തോന്നാതിരിപ്പാന്‍ ശ്രമിക്കെ വീണ്ടും 
ഇന്നലയുടെ
പാട്ടൊന്നു പാടുവാന്‍ തോന്നി.

04/01/2011

മുലപാല്‍





ഞാനോരനാഥന്‍, മനസ്സില്‍
മുലപ്പാല്‍ മണക്കുന്നോരോര്‍മ്മയില്‍
കാലം കയത്തിന്‍ കരയില്‍ കുഴിച്ചിട്ട
പാതി ജീവന്‍ ജീര്‍ണിച്ചു പോയോ
രാത്മ നൊമ്പര കുത്തിന്‍ കഥ.
കാഴ്ചകള്‍ മങ്ങിയ
ബാല്യതിലെപ്പോഴും
എങ്ങോ തളിര്‍ക്കും
കിനാവിന്‍ ശരം പോല്‍
ഒളികണ്ണെറിഞ്ഞെന്നെ
കൊതിപ്പിച്ചോരാനന്ദ
മായിരുന്നെനിക്കെന്നും നിറവയര്‍.
ആരോനല്കിയോരോട്ടു കിണ്ണത്തിലെ
ഉപ്പ് ചേരാത്തോരാ
കഞ്ഞിവെളളത്തിലൂ
ടൂര്‍ന്നു പോയോരെന്‍
മിഴിനീരിലൂടുപ്പിന്‍ രസാംശം
കലര്‍ന്നോരാ വേളയില്‍
കണ്ടെത്തി ഞാനെന്‍
മനസ്സില്‍ കൊതിയൂറു
മോര്‍മ്മ നിഴലിക്കും
മുലപ്പാലിന്‍ രസസ്മിതം.
കാലങ്ങളേെറ കടന്നുപോയി
പിന്നെയും കാതില്‍ മുഴങ്ങുന്നു
കൊച്ചു സന്ഗീര്‍ത്തനമ്പോലോ
ര്ര്‍മ്മ നിഴലിക്കുമേതോ രോദനം

ചെപ്പ്










കണ്ണുനീരുപ്പു കലര്‍ന്നൊരു മണ്ണെന്‍റെ 
നെഞ്ചോടു ചേര്‍ത്ത് ഞാന്‍ നില്‍ക്കെ,
പൊയ്പോയ മധുമാസ നാളുകള്‍ പിന്നെയും
ഹൃദയത്തില്‍ ചേക്കേറിടുന്നു...  

സ്വപ്‌നങ്ങള്‍ തന്‍ ആവനാഴിയില്‍
എന്തിനോ കണ്‍ പാര്‍ത്തിരിക്കെ,
ഇരുട്ടിന്‍ അഗാധഗര്‍ത്തതിലെക്കൂളിയിട്ടെന്‍
കിനാവുകള്‍ മറയുന്നു...

കയ്പുനീരാല്‍ മധുരം കുറിച്ചിട്ട
നെല്ലിതന്‍ ചോട്ടിലൂടിന്നും,
ആഴ്ന്നിറങ്ങീടുന്നു വിണ്ണിന്‍റെ
ദുഖാര്‍ത്തമാം മിഴിപ്പൂക്കള്‍...

ഞാനാം ബാല്യമോടിക്കളിച്ചോരീ 
മുറ്റത്തെ നാട്ടുമാഞ്ചോട്ടില്‍, 
ഇന്നവശേഷിക്കുന്നതിത്രമാത്രം
അതിന്‍ കുറ്റിയും ചെറുചിതല്‍ പുറ്റും...

കളിമണ്ണുതെച്ചോരീ ജീവിതച്ചുമരുകള്‍
എന്തിനോ കണ്‍പാര്‍ത്തിരിക്കെ, 
കടപുഴകാനൊരുങ്ങുന്നു  മുന്നിലായ്
തണലേകിയോരു വടവൃക്ഷം...