09/01/2011

അവന്‍ പറഞ്ഞത്


പ്രണയിനീ,
 നീയെന്നില്‍ മധുരം നിറക്കുകില്‍
സംതൃപ്തമാകുമീ എന്‍റെ  ജന്മം.
കണ്മണീ,
നിന്‍ മിഴിക്കൂമ്പിനാല്‍ നോക്കുകില്‍ 
പുളകിതമാകുമെന്‍  അന്തരംഗം.
പ്രേയസീ,
നിന്നധര ചന്ദ്രിക ചേര്‍ത്തൊരു 
ചുംബന ചിത്രം നീ വരച്ചീടുകില്‍,
ചന്ദമില്ലാത്തൊരെന്‍  ചിന്തക്കുമപ്പുറം  
ചന്ദനത്തെന്നലായ്  പാറിടും ഞാന്‍.
   
    സമയമേറെ കടന്നുപോയോ സഖീ
    പോകൊല്ല, ഒതുവാന്‍ ബാക്കിയുണ്ട്.
    സ്വപ്നത്തിനായിരം  വര്‍ണങ്ങളായിടാം
    ജീവിതമതുപോലെ ആകാതിരിക്കാം.
    അതിനാല്‍ തരികെനിക്കിനി നിന്‍റെ
    ജനനത്തിന്‍ തെളിവായ് കാട്ടിടും,
    നാളും സമയവും തലക്കുറിയും.
    പേരുള്ള ജ്യോത്സ്യന്‍റെ കയ്യില്‍ കൊടുത്തിട്ട്
    ചേരും പൊരുത്തമൊന്നൊത്തു   നോക്കാന്‍.

പ്രിയസഖീ,
ചേരില്ല ജാതകമെങ്കിലോ,
വിസ്മൃതിയിലാഴ്ത്തി  കടക്കാം
നമ്മുടെ
ഹൃദയങ്ങള്‍ താഴിട്ടു പൂട്ടാം.
ഓര്‍മകളുണരുമ്പോഴെല്ലാം
നിന്നിലെ
ഓര്‍മ്മകളില്‍ ഞാനൊളിക്കാം .
അമ്മക്ക് തണലായി ഏതോ
പെണ്ണിനെ കെട്ടിയെന്നിരിക്കാം.
അപ്പോഴുമെന്‍ ഹൃദയവല്ലരിയിലെന്നും 
നീയാം വസന്തം നിറയ്ക്കാം.

No comments:

Post a Comment