സ്വയം പരന്നൊഴുകും നിലാവിനെ പോലെയോ,
ആഴത്തിൽ ഖനീഭവിക്കുമീ രാത്രിയെ പോലെയോ,
നിഴലും നിലാവും വാരിപ്പുണരുമീ
നമ്മുടെ ഹൃദയം ?
നിൻറെ മനോമുകുരത്തിൽ
ആശ ങ്കയാൽ പുറം ചട്ട തീർത്ത
കിനാവിൻറെ മുന്തിരി വള്ളികൾ,
എനിക്ക് മാത്രമായി കാത്തെന്നറിയുമ്പോൾ..
പൂത്തെന്നും, കായ് ച്ചെന്നും , അതിനുള്ളിലെ
മധുവൂറും കുളിരിന്നെനിക്കായ് കിനിഞ്ഞെന്നുമറിയുമ്പോൾ,
സന്തുഷ്ടയാണ് ഞാൻ...
കോരിത്തരിച്ചുനിന്നെന്നെ വാരിപ്പുണരുവാൻ,
വെമ്പി കിതക്കും നിൻ ഉള്ളം, വെടിക്കുമ്പോൾ ,
മുന്തിയ വീര്യമോടേറ്റം രുചിക്കുവാൻ
കാത്തു സൂക്ഷിക്കുമെൻ പ്രണയത്തിൻ ചഷകം ,
ചില്ലു പാത്രവും കവിഞ്ഞതിൻ
ജീവനാം നിന്നെ തേടി,
വെയിലാറും വഴിയിലൂടിന്ന്
നിൻ ഉൾത്തടത്തിലെത്തി നിൽക്കുമ്പോൾ,
കഴിയുന്നുവോ നമുക്കിപ്പൊഴും നുണയുവാൻ,
കനിവിൻ കരങ്ങൾ നമുക്കായ് കാത്തൊരീ
പരിലാളനത്തിൻ നിമിഷങ്ങൾ???
ഒരിക്കലും അണയാത്ത നിന്നിലെ പ്രണയവും
ഒരിക്കലും അമരാത്ത എന്നിലെ പ്രണയവും
ഒരിക്കലും നിലക്കാത്ത നമ്മിലെ പ്രണയമാം
സ്നേഹാന്തർധാരയിൽ അലിഞ്ഞു ചേരുമ്പോൾ
സുഖലോലുപമേതോ സംതൃപ്തിയല്ല ,മറിച്ച്
പുഴയുടെ കുളിരിനാൽ നിറയാത്ത ,
കടലിൻറെ ചേതോവികാരം ,
നമ്മിലൂടൊഴുകുമീ പുഴയാം പ്രണയത്തെ ,
കോടി ഊർജജത്താൽ പരിരംഭണം ചെയ്ത് ,
നമ്മിലെ കടലിൻറെ കൊതിയെ കൂട്ടുകയാണെന്ന് ,
കഥ പറയും കണ്ണിൻറെ ആഴങ്ങളിൽ വെച്ച്
നാം തിരിച്ചറിയുന്നുവോ ?
പ്രണയം പ്രദീപ്ത്തമാകുന്നുവോ?