രജനിതന്‍ സുന്ദര മിഴിപ്പോള മയങ്ങിയ
സുരഭില നിമിഷത്തിലെങ്ങോ,
വന്നു നീ ആഘോഷപൂര്‍വമെന്‍ ഹൃദയത്തി
ലൊരു കൊച്ചു സ്വപ്ന രഥമേറി.
ആത്മാവിലനന്ദമലതല്ലി, ഞാന്‍ നിന്റെ
ചാരത്ത് തന്നെ ഒതുങ്ങി .
ആ മിഴിവേട്ടമിങ്ങൂറിയടിഞ്ഞെന്റെ
മിഴി രണ്ടുമപ്പോള്‍ തിളങ്ങി .
മുരളികയൂതും സ്വരത്തിന്‍ ലഹരിയില്‍
ചൊല്ലി നീ മന്ദമായ് കാതില്‍...
"പോരുമോ കൂടെ, ഈ വഴിത്താരയിൽ
കൈകോർത്തൊന്നായി നടക്കാൻ"
ഊറിച്ചിരിച്ചു ഞാന്‍ നാണിച്ചിരിക്കവേ
നിന്‍ കടകണ്ണില്‍ ഞാന്‍ നിറഞ്ഞു
എന്‍ ഹൃദയ താളം പകരുവാന്‍
പ്രിയ വാക്കുകള്‍ തിരഞ്ഞു...
എന്കിലുമെന്‍ പ്രണയമിന്നുനിന്‍
മുന്നിലെങ്ങിനെ ഞാന്‍ രചിക്കും ?
വാക്കുകളില്ലതില്‍ കൂട്ടുകളില്ലതില്‍
സ്നേഹമാം കാളിന്ദി മാത്രം...
നിന്‍ മിഴി പുണര്‍ന്നുകൊണ്ടോതി ഞാന്‍ മന്ദമായ്
"സ്നേഹിച്ചിടുന്നു ഞാന്‍ നിന്‍ അംശമാത്രമാം
ഏതൊരു വസ്തുവും തോഴാ"
ഇവ്വിധമോതുമ്പോഴെക്കുമെന്‍ മിഴികളില്‍
നീയാം വികാരം തുളുമ്പി...
അതിലൂടെ നിന്നെ പലതായ് കണ്ടെൻറെ
ഹൃദയം നിറഞ്ഞു ഞാന്‍ ഹസിക്കെ ,
നിന്നന്ദരംഗകവാടം വിട്ടെന്നെ
എതോരലാറം ഉണര്‍ത്തി .
വ്യസനിച്ചു പോയി ഞാനെന്കിലും
നിന്‍ പ്രിയ വാക്കെനിക്കാശ്വാസമേകി
അതിനുളളിലുറയുന്ന സ്നേഹ ബിന്ദുക്കളെ
ലോലമാം ഹൃത്തില്‍ കൊരുക്കെ
നിറയുന്നു ഞാന്‍... നിന്നിലൂടറിയുന്നു ഞാനി
ന്നീ, ദിവ്യമാം അനുഭൂതിയെ...
പ്രണയമാം പ്രളയത്തിനെ ...