Tuesday, 6 October 2015

രാമായണം

                               
(ഭാരതമൊട്ടാകെ ഒരുപാട് ഭാഷ്യങ്ങളാൽ (versions) പൂത്തുലഞ്ഞു കിടക്കുന്ന ഒരു കവ്യമാണല്ലോ രാമായണം .അതിലേക്ക് ഇതാ ഞാനും ചേർക്കുന്നു എന്റേതായി ഒന്ന്...)
ഹാ പ്രാണനാഥാ, പ്രിയരാമാ...
സ്നേഹമോലും നിന്തിരുവടിയെ
ഏതുമേ അറിയാഞ്ഞപോൽ ,
ഈ വിപിനമിതിൽ ഉപേക്ഷിച്ച്,
ഏതോ രാവണനെ തേടുകയായ് മനം.
കാലം കാത്തുസൂക്ഷിച്ചൊരെൻ പാതിവൃത്യവും,
സ്നേഹരാജിയിൽ വാർത്തെടുത്ത നിൻ അംഗുലീയവും,
കളങ്ക പൂരിതമെൻ മാനസത്തിൽ
ആരുമറിയാതെ കുഴിച്ചു മൂടുമ്പോഴും,
കരുണാനിധേ...
ഒന്നുമറിയാത്തപോൽ നറുപുഞ്ചിരിച്ചിന്തുമായ്,
ഇന്നുമീ യാഗഹൂമിയിൽ,
പ്രണയ പൂർവ്വം, എൻ ചിന്തമാത്രമായ് നീ
കാത്തിരിക്കവേ,
ഏതു രാവണേച്ഛയും
മാറ്റിവെച്ച്, നിൻ
പാദപദ്മത്തിലുമ്മവെക്കുവാൻ,
ആടിയുലഞ്ഞിടുമെൻ കാമനകളെ,
ഊറ്റമേറുമീ കാനന സീമകൾക്കപ്പുറം
ആഴമിറ്റിടും കടലിന്നടിതട്ടിൽ,
ഉപ്പു ചേരാതെ, കുഴിച്ചുമൂടി ,
അഗ്നിശുദ്ധിയിൽ സ്ഫുടം ചെയ്ത,
നിത്യ പ്രണയമായ് വരുന്നു ഞാൻ, 

നിന്നിലലിയാൻ മാത്രമായ്...

Thursday, 27 June 2013

പ്രണയപ്രദീപ്തി

 സ്വയം പരന്നൊഴുകും  നിലാവിനെ  പോലെയോ, 
ആഴത്തിൽ ഖനീഭവിക്കുമീ  രാത്രിയെ പോലെയോ, 
നിഴലും  നിലാവും വാരിപ്പുണരുമീ 
നമ്മുടെ ഹൃദയം ?
നിൻറെ  മനോമുകുരത്തിൽ
ആശ ങ്കയാൽ  പുറം ചട്ട തീർത്ത 
കിനാവിൻറെ മുന്തിരി വള്ളികൾ, 
 എനിക്ക്‌  മാത്രമായി കാത്തെന്നറിയുമ്പോൾ..  
പൂത്തെന്നും, കായ് ച്ചെന്നും , അതിനുള്ളിലെ 
മധുവൂറും കുളിരിന്നെനിക്കായ്‌ കിനിഞ്ഞെന്നുമറിയുമ്പോൾ,
സന്തുഷ്ടയാണ് ഞാൻ...
കോരിത്തരിച്ചുനിന്നെന്നെ വാരിപ്പുണരുവാൻ, 
വെമ്പി കിതക്കും നിൻ ഉള്ളം, വെടിക്കുമ്പോൾ ,
മുന്തിയ വീര്യമോടേറ്റം രുചിക്കുവാൻ 
കാത്തു സൂക്ഷിക്കുമെൻ പ്രണയത്തിൻ ചഷകം ,
ചില്ലു പാത്രവും  കവിഞ്ഞതിൻ
 ജീവനാം നിന്നെ തേടി,  
വെയിലാറും വഴിയിലൂടിന്ന് 
നിൻ ഉൾത്തടത്തിലെത്തി നിൽക്കുമ്പോൾ,
കഴിയുന്നുവോ നമുക്കിപ്പൊഴും നുണയുവാൻ,
കനിവിൻ കരങ്ങൾ നമുക്കായ് കാത്തൊരീ  
പരിലാളനത്തിൻ  നിമിഷങ്ങൾ???
ഒരിക്കലും അണയാത്ത നിന്നിലെ പ്രണയവും 
ഒരിക്കലും അമരാത്ത എന്നിലെ പ്രണയവും 
ഒരിക്കലും നിലക്കാത്ത നമ്മിലെ  പ്രണയമാം 
സ്നേഹാന്തർധാരയിൽ  അലിഞ്ഞു ചേരുമ്പോൾ 
സുഖലോലുപമേതോ സംതൃപ്തിയല്ല ,മറിച്ച് 
പുഴയുടെ കുളിരിനാൽ നിറയാത്ത ,
കടലിൻറെ ചേതോവികാരം ,
നമ്മിലൂടൊഴുകുമീ പുഴയാം പ്രണയത്തെ ,
 കോടി ഊർജജത്താൽ പരിരംഭണം ചെയ്ത് ,
നമ്മിലെ  കടലിൻറെ  കൊതിയെ  കൂട്ടുകയാണെന്ന് ,
കഥ പറയും കണ്ണിൻറെ ആഴങ്ങളിൽ വെച്ച് 
നാം തിരിച്ചറിയുന്നുവോ ?
പ്രണയം പ്രദീപ്ത്തമാകുന്നുവോ? 

Friday, 21 June 2013

നിയന്ത്രണം

എന്റെ പെണ്ണിനെ   അവർ 
ബലാത്സംഗം ചെയ്തു കൊന്നു.
കാറ്റത്തു പാറിയ കരിയിലയും പാടി
'നിയന്ത്രണം വേണമായിരുന്നു ആ പെണ്ണിന്'

ശവം കണ്ടു കൊതി തീരാത്തവർ 
കടം കൊണ്ട  ക്യാമറയിൽ 
ചിത്രം പകർത്തി 
കാമോത്സുകമാം കിനാവുമായ്
അവളുടെ   മൃതിക്ക് മിഴിവേകവേ
പാതിയടർന്ന ഭിത്തിയിലെ 
വമ്പിച്ച വിടവിലൂടൂർന്നു നോക്കും
പല്ലിയിലും കണ്ടു ഞാൻ 
അതിനൂതനമേതോ
ക്യാമറ കണ്ണുകൾ

   തെക്കേ പറമ്പിലെ  
കൊന്നമരചോട്ടിലിന്നവളുടെ 
പുകൾ പെരിയ മരണം
ദഹിക്കവേ 
കൊത്തി വലിക്കുന്നൊരായിരം
കഴുകൻ കണ്ണുകളവളുടെ 
ചിത്രവും ചരിത്രവും ചാതുര്യവും

കെട്ട് പൊട്ടിച്ചു വീണോരെൻ
കണ്ണുനീർത്തുള്ളിക്ക് 
നിൽക്കുവാനിടമില്ലാതെ
മരിച്ചെന്റെ    കാൽകീഴിലെ
മണ്ണിലലിഞ്ഞീടവേ
നീറി പുകഞ്ഞെൻ ആത്മാവിൽ  പകുതി, 
നീളെ കല്ലേറുമായ്  വിടവാങ്ങവേ, 
കോറി  വീഴുന്നെന്റെയുള്ളിൽ
ഇടിത്തീ പോലേതോ മഹമനസ്ക്കന്റെ
വാക്പയറ്റ്
"കോരിതരിപ്പിൻ   ആവേശത്തിമിർപ്പ്   
അന്തരാളത്തെ       ഉഴുതുമറിക്കുമ്പോൾ
ഇരകളായെത്തുമിവർ ,ഈ പെണ്ണുങ്ങൾ 
കൈകാലടിക്കാതെ , കാറിക്കൂവാതെ    
സഹകരിച്ചങ്ങനെ    പോയിരിന്നെങ്കിൽ
സുഷുപ്തിയുടെ പൂർണ്ണയാമത്തിൽ   
ഇവറ്റയെ കൊല്ലേണ്ട ഗതികേട് പുരുഷ കേസരികളിവർക്ക് 
വരുമായിരുന്നോ ?"

അവളെ കൊന്നവർ ഇടവഴിയിൽ 
നിയമത്തിന്റെ തോളിൽ പിടിച്ചു  നി-
ന്നെന്റെ പെണ്ണിന്റെ    ചിതയിൽ 
പൊട്ടുന്ന അവളുടെ ചങ്കിൽ   മുഴങ്ങിയ ആർത്ത നാദത്തിന്റെ   
നേർത്ത വിങ്ങലിൽ 
കോരിത്തരിച്ചു  കൊണ്ടോതുന്ന മന്ത്രണം 
കേൾക്കാം  എനിക്കും, അവൾക്കും, 
ഒരുപക്ഷേ നിങ്ങൾക്കും, 
"ഇവരീ  പെണ്ണുങ്ങൾ സഹിക്കാൻ ജനിച്ചവർ  
ഉടുപ്പിലും നടപ്പിലും  തുടങ്ങി  ഏതൊന്നിലും  പരിമിതി  ഉള്ളവർ      
ഞങ്ങളൊന്നു     തൊട്ടാൽ,  പിടിച്ചാൽ, കുതറിമാറാതെ  നിൽക്കേണ്ടവർ,    
നിയന്ത്രണം വേണ്ടതിവർക്കാണ് :
സ്വാതന്ത്ര്യത്തിൽ    നിന്നും  സ്വപ്നങ്ങളിൽ  നിന്നും "

Tuesday, 11 January 2011

കാവ്യം..


കണ്ണുകള്‍ കഥ പറയും കാലം,
ഹൃദയത്തില്‍ തോന്നിയവയെ എല്ലാം
പ്രണയമെന്നിന്ന് വിളിച്ചു
വെറുതെ
പ്രണയമെന്നിന്ന് വിളിച്ചു.

ചൊല്ലാന്‍ മറന്നവയെല്ലാം 
സുഷുമ്നയില്‍ 
സങ്കല്‍പ്പ ചിത്രം വരച്ചു,
ചാലിച്ച ചോരതന്‍ വര്‍ണ്ണങ്ങളാലതില്‍ 
പോറിയ രൂപങ്ങള്‍ പൂത്തു
പൂത്തവയെല്ലാം വിളര്‍ത്തു.

ആളിപ്പടര്‍ന്ന കിനാക്കളെയൊക്കെയും
ആറ്റില്‍ കിടത്തി കെടുത്തി,
തെളിനീരില്‍ ആറിയ നന്‍മകളൊക്കെ
കടവത്തെ
തോണിക്ക്  പങ്കായമായി
തുഴയാത്ത 
തോണിക്ക്  പങ്കായമായി,

കേള്‍ക്കാന്‍ കൊതിച്ചവയെല്ലാം,
കാറ്റില്‍ പറന്നു കളിച്ചു
ഇന്നതിനെ കൂരമ്പ്‌ കൊണ്ട്  തറച്ചു
ചോരയില്‍  കാവ്യമെന്നാരോ കുറിച്ചു
കരളിന്‍റെ  കാവ്യമെന്നാരോ കുറിച്ചു.


സദാചാരം


സദാചാരാമുള്ളവരൊന്നും 
പെണ്ണിനെ
നടുറോട്ടിലുപേക്ഷിക്കരുത്. 
വീട്ടില്‍ കിടക്കയൊരുക്കാം 
ശേഷമൊരു 
കെട്ടില്‍ കയത്തിലൊഴുക്കാം. 

സദാചാരാമുള്ളവരൊന്നും 
വീട്ടിലെ
വൃദ്ധര്‍ക്ക് തുണയാകരുത് .
സദനങ്ങളധികമാണവര്‍ക്ക് 
മക്കളാം
നമ്മള്‍ കൊടുക്കുന്ന ഭിക്ഷ.

സദാചാരാമുള്ളവരൊന്നും 
മണ്ണില്‍
കനിവിന്‍റെ  വിത്ത്‌ പാകരുത്.  
മാനിക്യൂര്‍ ചെയ്ത കാലില്‍
നീര്‍വന്ന്
ഭംഗിക്ക് കോട്ടം വരുത്തും.

സദാചാരാമുള്ളവരൊന്നും 
ഉദാത്തമായി
ആരെയും പ്രേമിക്കരുത്. 
പല കോടിയാളുകളുലകില്‍
അതിലീ
ഒന്നിന് വില വെറും തുച്ഛം.

സദാചാരാമുള്ളവരൊന്നും
അനാഥന്‍റെ
കണ്ണീരില്‍ മനസ്സലിക്കരുത്‌.
ആരോ വിതച്ചിട്ട ജന്മം 
അതില്‍ 
വഴി പോക്കര്‍ നമുക്കെന്തു ചേതം .

നമ്മളീ
സദാചാരക്കൂട്ടര്‍ ,
ഓര്‍ത്തു വെക്കേണ്ടൊരു കാര്യം
"ജീവിതമിതൊന്നേയുള്ളൂ  
ആഘോഷപൂര്‍വ്വമിതോരുക്കൂ"
ഇടയിലൊടുങ്ങുവരെല്ലാം 
ഈയാംപാറ്റകളെന്നോര്‍ക്കൂ .
കഷ്ട്ടമപ്രാണികളവയ്ക്ക്
അത്രയേ 
ആയുസ്സുണ്ടാവൂ.
കഷ്ട്ടമപ്രാണികളവയ്ക്ക്
അത്രയേ 
ആയുസ്സുണ്ടാവൂ.

Sunday, 9 January 2011

കടങ്കഥഇന്നിവിടെ, വീട്ടില്‍,
ഇരുട്ടറകളിലൊന്നില്‍,
പിതൃക്കളിലാരോ മുരണ്ടു.
നാലുവരിയെഴുതുവാന്‍
തൂലിക തിരയവേ,
ഓരിയിട്ടകലുന്നു
ഏകാകിയാം നായ.
          അന്ത്യക്കുറിപ്പിലെ 
          വികലമാം ചിത്രങ്ങള്‍
          ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ്.
          അവയിലൊളിപ്പിച്ചത് 
          കാര്‍ന്നിട്ട തോല്‍വിയും
          കറപുരണ്ട വിജയവും.
          അടിവരയിട്ടവ 
          സ്വപ്നങ്ങളാണ്,
          ജനിക്കും മുന്‍പേ മരിച്ചവര്‍.
          കവറിലിട്ടടച്ചത്
          കാമുകന് നേദിച്ച
          ഹൃദയമാണ് ,
          കാറ്റില്‍ പറന്ന 
          കരിയിലയുടെ
          നീറമാതിന്.
അകത്തങ്ങളില്‍ 
ആടിയുലയുന്നതാര് ?
കോറിയിട്ട  സങ്കല്‍പ്പത്തിലെ 
കഥാ നായിക,
ഞാന്‍ എന്ന് പേര്‍,
വെറുമൊരു കടങ്കഥ.
ചേര്‍ത്തിട്ട കസേരയും

കുടുക്കിട്ട കയറും 
കടങ്കഥ പദമോതും 
അതിലെന്‍റെയുടല്‍ 
മുദ്ര  കാട്ടും .
അതിനെ നിങ്ങള്‍ക്കിനി 
എന്തും  വിളിക്കാം  
ശവമെന്നോ 
ഭീരുവെന്നോ 
അതോ ......

അവന്‍ പറഞ്ഞത്


പ്രണയിനീ,
 നീയെന്നില്‍ മധുരം നിറക്കുകില്‍
സംതൃപ്തമാകുമീ എന്‍റെ  ജന്മം.
കണ്മണീ,
നിന്‍ മിഴിക്കൂമ്പിനാല്‍ നോക്കുകില്‍ 
പുളകിതമാകുമെന്‍  അന്തരംഗം.
പ്രേയസീ,
നിന്നധര ചന്ദ്രിക ചേര്‍ത്തൊരു 
ചുംബന ചിത്രം നീ വരച്ചീടുകില്‍,
ചന്ദമില്ലാത്തൊരെന്‍  ചിന്തക്കുമപ്പുറം  
ചന്ദനത്തെന്നലായ്  പാറിടും ഞാന്‍.
   
    സമയമേറെ കടന്നുപോയോ സഖീ
    പോകൊല്ല, ഒതുവാന്‍ ബാക്കിയുണ്ട്.
    സ്വപ്നത്തിനായിരം  വര്‍ണങ്ങളായിടാം
    ജീവിതമതുപോലെ ആകാതിരിക്കാം.
    അതിനാല്‍ തരികെനിക്കിനി നിന്‍റെ
    ജനനത്തിന്‍ തെളിവായ് കാട്ടിടും,
    നാളും സമയവും തലക്കുറിയും.
    പേരുള്ള ജ്യോത്സ്യന്‍റെ കയ്യില്‍ കൊടുത്തിട്ട്
    ചേരും പൊരുത്തമൊന്നൊത്തു   നോക്കാന്‍.

പ്രിയസഖീ,
ചേരില്ല ജാതകമെങ്കിലോ,
വിസ്മൃതിയിലാഴ്ത്തി  കടക്കാം
നമ്മുടെ
ഹൃദയങ്ങള്‍ താഴിട്ടു പൂട്ടാം.
ഓര്‍മകളുണരുമ്പോഴെല്ലാം
നിന്നിലെ
ഓര്‍മ്മകളില്‍ ഞാനൊളിക്കാം .
അമ്മക്ക് തണലായി ഏതോ
പെണ്ണിനെ കെട്ടിയെന്നിരിക്കാം.
അപ്പോഴുമെന്‍ ഹൃദയവല്ലരിയിലെന്നും 
നീയാം വസന്തം നിറയ്ക്കാം.