കണ്ണുകള്‍ കഥ പറയും കാലം,
ഹൃദയത്തില്‍ തോന്നിയവയെല്ലാം
പ്രണയമെന്നന്ന് വിളിച്ചു
വെറുതെ
പ്രണയമെന്നന്ന് വിളിച്ചു.
ചൊല്ലാന്‍ മറന്നവയെല്ലാം
സുഷുമ്നയില്‍
സങ്കല്‍പ്പ ചിത്രം വരച്ചു,
ചാലിച്ച ചോരതന്‍ വര്‍ണ്ണങ്ങളാലതില്‍
പോറിയ രൂപങ്ങള്‍ പൂത്തു
പൂത്തവയെല്ലാം വിളര്‍ത്തു.
ആളിപ്പടര്‍ന്ന കിനാക്കളെയൊക്കെയും
ആറ്റില്‍ കിടത്തി കെടുത്തി,
തെളിനീരില്‍ ആറിയ നന്‍മകളൊക്കെ
കടവത്തെ
തോണിക്ക് പങ്കായമായി
തുഴയാത്ത
തോണിക്ക് പങ്കായമായി,
കേള്‍ക്കാന്‍ കൊതിച്ചവയെല്ലാം,
കാറ്റില്‍ പറന്നു കളിച്ചു
ഇന്നതിനെ കൂരമ്പ് കൊണ്ട് തറച്ചു
ചോരയില്‍ കാവ്യമെന്നാരോ കുറിച്ചു
കരളിന്‍റെ കാവ്യമെന്നാരോ കുറിച്ചു.